
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും മറ്റ് പ്രതികൾക്കും എതിരെ വിചാരണനടപടികൾക്ക് വഴിയൊരുങ്ങുന്നു. സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ തയ്യാറായതായി സൂചന.
മുൻ സർക്കാർ മൂന്നു തവണ അനുമതി നിഷേധിച്ച കേസിൽ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നതോടെയാണ് നിർണായക വഴിത്തിരിവുണ്ടായത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്.
ജൂലൈ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം തിങ്കളാഴ്ച തന്നെ കോടതിയെ അറിയിച്ചേക്കുമെന്നാണ് വിവരം. കോടതി ആവർത്തിച്ച് നിർദേശിച്ചിട്ടും അനുമതി നൽകാത്തതാണ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്.
കേസിൽ സി.ബി.ഐ. ചൂണ്ടിക്കാട്ടിയത് നടപടിക്രമങ്ങളിലെ വീഴ്ചകൾ മാത്രമാണെന്നും ക്രിമിനൽ കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകളില്ലെന്നുമായിരുന്നു പിണറായി സർക്കാരിന്റെ വാദം. അതിനാൽ പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്ന നിലപാടിലായിരുന്നു മുൻ സർക്കാർ. എന്നാൽ ഹൈക്കോടതിയുടെ കടുത്ത നിലപാടിനെ തുടർന്ന് യു.ഡി.എഫ്. സർക്കാർ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായാണ് സൂചന.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടും കോടതി നിർദേശം പൂർണമായി പാലിക്കണമെന്നതാണ്. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ കശുവണ്ടി വികസന കോർപ്പറേഷൻ നടത്തിയ അസംസ്കൃത കശുവണ്ടി ഇറക്കുമതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. കേസിൽ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരനും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷും ഉൾപ്പെടെയാണ് പ്രതിപ്പട്ടികയിലുള്ളത്.
ഐ.എൻ.ടി.യു.സി. നേതാവായ ആർ. ചന്ദ്രശേഖരനെ സംരക്ഷിക്കാനാണ് മുൻ സർക്കാർ ശ്രമിച്ചതെന്ന ആരോപണം രാഷ്ട്രീയവൃത്തങ്ങളിൽ നേരത്തെ ഉയർന്നിരുന്നു. ആശാ തൊഴിലാളികളുടെ സമരകാലത്ത് സർക്കാരിനൊപ്പമുള്ള അദ്ദേഹത്തിന്റെ നിലപാടും ഇതുമായി ബന്ധപ്പെടുത്തി വിമർശനങ്ങൾ ഉയർന്നു. അതേസമയം, ഐ.എൻ.ടി.യു.സി.യുടെ നിലപാടുകൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് പാർട്ടി നേതാക്കൾക്ക് വിശദീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
കോൺഗ്രസിനുള്ളിലെ നേതൃത്വ ചർച്ചകളിൽ വി.ഡി. സതീശനെ പിന്തുണച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ആർ. ചന്ദ്രശേഖരൻ എന്നതും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.











